തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകർ നിയമിതനായിരിക്കുകയാണ്. ബീഹാറിന്റെ ഗവർണർ പദവിയിൽ നിന്നാണ് 70-കാരനായ ആർലെകർ കേരള ഗവർണറായി എത്തുന്നത്. ചെറുപ്പം മുതൽ തന്നെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന വ്യക്തിയാണ് ആർലെകർ. 1989 ൽ ആണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 1980 മുതൽ ഗോവയിലെ ബിജെപിയുടെ സജീവ അംഗമാണ്. ഗോവയിലെ ബിജെപിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ പ്രധാനപ്പെട്ട പദവികൾ ആർലെകർ വഹിച്ചിട്ടുണ്ട്. ഗോവ വ്യാവസായിക വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവ സംസ്ഥാമ പട്ടിക ജാതി - മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവയിലെ ബിജെപി ജനറൽ സെക്രട്ടറി, സൗത്ത് ഗോവയിലെ ബിജെപി പ്രസിഡന്റ് എന്നീ പദവികളും ആർലെകർ വഹിച്ചു.
2014 ൽ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോൾ അർലെക്കറെ അടുത്ത മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നുവെങ്കിലും ആർലെക്കറിന് പകരം ലക്ഷ്മികാന്ത് പാർസെക്കറെ പാർട്ടി തിരഞ്ഞെടുത്തു. ആർലെകർ സ്പീക്കറായിരുന്ന സമയത്താണ് രാജ്യത്തെ ആദ്യ കടലാസ് രഹതി നിയമസഭയായി ഗോവ മാറിയത്. 2015 ൽ മന്ത്രിസഭ പുനഃസംഘടന വേളയിൽ അദ്ദേഹം പരിസ്ഥിതി, വനം മന്ത്രിയായി. 2021 ജൂലായ് 6 ന് ബന്ദാരി ദത്താത്രേയയെ ഹരിയാന ഗവർണറായി നിയമിച്ചപ്പോൾ അദ്ദേഹം ഹിമാചൽ പ്രദേശ് ഗവർണറായി. തുടർന്ന് ബീഹാറിന്റെ 29ാംമത് ഗവർണറായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി കേന്ദ്ര നേതൃത്വവുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആർലെകർ.
അതേസമയം, ദിവസങ്ങൾക്ക് മുൻപ് ആർലെകർ നടത്തിയ പരാമർശം വിവാദമായിരുന്നു. സത്യാഗ്രഹം നടത്തിയത് കൊണ്ടോ പടച്ചട്ടകൾ കൊണ്ടോ അല്ല ബ്രിട്ടീഷുകാർ രാജ്യം വിട്ടത്, സാധരാണക്കാരായ ജനങ്ങളുടെ കൈകളിൽ തോക്കും ആയുധങ്ങളും കണ്ടോപ്പാഴാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം, കേരള ഗവർണറായി അഞ്ച് വർഷം തികച്ച ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറായി പോകുന്നത്. കേരള സർക്കാറുമായി പല വിഷയങ്ങളിലും അദ്ദേഹത്തിന് എതിർപ്പ് ഉണ്ടായിരുന്നു. പലപ്പോഴും പരസ്യമായി തന്നെ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.