കാപ്പാട്: ചേമഞ്ചേരി കൊളക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. മറ്റൊരാളുടെ ഇരുചക്ര വാഹനവും പന്നിയുടെ ആക്രമത്തിൽ തകർന്നു. വിളയോട്ടില്‍ ബാലകൃഷ്ണ(62)നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളക്കാട് തുവ്വക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
കാട്ടുപന്നിയുടെ മുന്നില്‍പ്പെട്ട ബാലകൃഷ്ണനെ കുത്തി വിഴ്ത്തുന്നതിനിടയില്‍ തലയടിച്ചു വീണാണ് പരിക്കേറ്റത്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി സ്‌കൂളിലേക്ക് വാഹനം കാത്തുനിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ടായിരുന്നു. ഇവര്‍ പോയതിന് തൊട്ടുപിന്നാലെയാണ് പന്നിയെത്തിയതും വയോധികനെ ആക്രമിച്ചതും. രാവിലെ പത്തരയോടെ വെറ്റിലപ്പാറ കൊളക്കാട് റോഡില്‍ പെരുവയല്‍കുനി ആദര്‍ശിന്റെ ഇരുചക്ര വാഹനവും പന്നി ആക്രമിച്ചിരുന്നു.
ഏതാനും ദിവസമായി എളാട്ടേരി, മേലൂര്‍, കോമത്തുകര എന്നിവിടങ്ങളില്‍ പകല്‍ നേരങ്ങളിലും കാട്ടുപന്നിയെ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിദ്യാര്‍ത്ഥികളുടെയടക്കം സുരക്ഷയില്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. പ്രദേശത്തെ കാട്ടുപന്നികളെ തുരത്താന്‍ സംവിധാനമുണ്ടാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Tags:
KOZHIKODE