കട്ടിപ്പാറ: ടിപ്പർ ലോറിക്ക് ഓട്ടത്തിനിടെ തീ പിടിച്ചു. കട്ടിപ്പാറ കോളിക്കൽ മുണ്ടപ്പുറത്ത് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഈങ്ങാപ്പുഴയിൽ നിന്നും ബോളർ കയറ്റി വരുന്നതിനിടെ കോളിക്കൽ മുണ്ടപ്പുറത്തെത്തിയപ്പോൾ കാബിനിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ ലോറി നിർത്തി ചാടിയിറങ്ങുകയായിരുന്നു. ഗിയർ ബോക്സിൽ നിന്നും തീ പടർന്ന് ലോറിയുടെ കാബിനാകെ ആളിക്കത്തുന്നതാണ് പിന്നീട് കണ്ടത്.
ഉടനെ ഡ്രൈവറും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമമാരംഭിക്കുകയും തുടർന്ന് വിവരമറിഞ്ഞ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി തീ പൂർണമായും അണയ്ക്കുകയും ചെയ്തു. ഷാഫി ചുടലമുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.