ആലപ്പുഴ: ആലപ്പുഴ ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. തകഴി സ്വദേശിയായ വീട്ടമ്മ ഇളയ മകൻ പ്രകാശിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചു കീറുകയും ചെയ്തു. അഞ്ചു മാസമായി മകൻ പ്രകാശിന്റെ വീട്ടിലാണു കാർത്യായനി കഴിഞ്ഞിരുന്നത്.
കാർത്ത്യായനിക്ക് പരിക്കേറ്റത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. സംഭവം നടക്കുമ്പോൾ കാർത്ത്യായനി ഒറ്റക്കായിരുന്നു. ഒരു നായയാണോ ഒന്നലധികം നായകൾ ചേർന്നാണോ ഇവരെ കടിച്ചതെന്നതിലും വ്യക്തതയില്ല. ഇവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.