ന്യൂഡൽഹി: അതീവ അപകടസാധ്യതയുള്ള ഭക്ഷണവിഭാഗത്തില്‍ കുപ്പിവെള്ളത്തേയും ഉള്‍പ്പെടുത്തി. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ആണ് കുപ്പിവെള്ളത്തെ ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, കുപ്പിവെള്ളം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്നല്ല, മറിച്ച് മിനറല്‍ വാട്ടർ കമ്പനികള്‍ ഇനിമുതല്‍ സുരക്ഷാ പരിശോധന ശക്തമാക്കണം. നിർബന്ധമായും സ്വന്തം സുരക്ഷാ പരിശോധനകള്‍ക്ക് പുറമെ ബാഹ്യ ഭക്ഷ്യ സുരക്ഷാ ഓഡിറ്റിനും മിനറല്‍ വാട്ടർ കമ്പനികള്‍ വിധേയരാകണം. ഇതിനുപുറമെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. ലൈസൻസ് ലഭിക്കാനും കർശന പരിശോധനകളും മാനദണ്ഡങ്ങളുമുണ്ടാകും.
നിലവില്‍ പാക്ക് ചെയ്ത ഉത്പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് മുന്നില്‍ ലൈസൻസ് ഉടമ ഹാജരാക്കേണ്ടി വരും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ കുപ്പിവെള്ളത്തിന് നിർബന്ധമാണെന്ന വ്യവസ്ഥ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ കുപ്പിവെള്ളത്തെ ഹൈ റിസ്ക് കാറ്റഗറിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മോശമായ പാക്കേജിങ്, ഉയർന്ന മലിനീകരണ തോത്, മോശമായ സംഭരണം, അലക്ഷ്യമായിട്ട് കൈകാര്യം ചെയ്യപ്പെടാനുമുള്ള സാധ്യതകളുള്ള ഉത്പന്നങ്ങള്‍ തുടങ്ങിയവയെയാണ് ഹൈ റിസ്ക് ഭക്ഷണവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. കുപ്പിവെള്ളത്തിന് പുറമെ പച്ച മാംസം, മത്സ്യം, പാല്‍ ഉത്പ്പന്നങ്ങള്‍, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്സ്, സലാഡുകള്‍, പാകം ചെയ്തുവെച്ച ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിങ്ങനെ നിരവധി ഭക്ഷണ പദാർത്ഥങ്ങളും ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുപ്പിവെള്ളത്തെ ഹൈ റിസ്ക് കാറ്റഗറിയിൽ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നടപടി, ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ആവശ്യക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ഏറെ സഹായകരമാകും.
Tags:
HEALTH