Trending

കൊടുവള്ളിയിലെ കളരാന്തിരി- കൽപ്പള്ളിക്കടവ് റോഡിൽ യാത്രാദുരിതം

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ കളരാന്തിരി- കൽപ്പള്ളിക്കടവ് റോഡിൽ യാത്രാദുരിതം. കൊടുവള്ളി നഗരസഭയെ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡാണ് കളരാന്തിരി-കൽപ്പള്ളിക്കടവ് റോഡ്. പ്രദേശവാസികൾ ഓമശ്ശേരി, മൈക്കാവ്, കൂടത്തായി, വെളിമണ്ണ എന്നീ മേഖലകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. വെളിമണ്ണ യു.പി സ്കൂളിൽ പഠിക്കുന്ന ഒട്ടേറെ വിദ്യാർത്ഥികളുള്ള പ്രദേശമാണിത്. വിദ്യാർത്ഥികൾ സ്കൂളിൽ എത്തിച്ചേരാനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.

കളരാന്തിരി- കൽപ്പള്ളിക്കടവ് റോഡിന്റെ അവസാന ഭാഗമായ കൽപ്പള്ളിക്കടവ്- വെളിമണ്ണ പാലത്തിനടുത്ത് റോഡിന്റെ ഏതാനും ഭാഗം ടാറിങ് ഇളകി തകർന്നു കിടക്കുകയാണ്. ഇതാണ് റോഡിലെ യാത്രാദുരിതത്തിന് കാരണം. റോഡിന്റെ തകർച്ച രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റും നാട്ടുകാർക്ക് വളരെ പ്രയാസമുണ്ടാക്കുന്നു. മൈക്കാവ്, കോടഞ്ചേരി, കൂടത്തായ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർക്ക് വെളിമണ്ണ പാലം കടന്നാൽ എളുപ്പത്തിൽ ജോലിസ്ഥലത്ത് എത്തിച്ചേരാൻ സാധിക്കുമെന്നതിനാൽ റോഡിന്റെ തകർച്ച ഇവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിന്റെ റീ-ടാറിങ്ങിനായി രണ്ടുലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം കരാറുകാരൻ ടെൻഡറെടുത്ത് എഗ്രിമെന്റ് വെച്ചിരുന്നതാണ്. എന്നാൽ, എഗ്രിമെന്റ് വെച്ച് ഒരാഴ്ചയായപ്പോഴേക്കും ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇതുമൂലം റീ-ടാറിങ് പ്രവൃത്തി നടത്താൻ സാധിച്ചില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശക്തമായ മഴയും തുടങ്ങി.

Post a Comment

Previous Post Next Post