നരിക്കുനി: മടവൂർ, നരിക്കുനി ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കാപ്പാട്- തുഷാരഗിരി റോഡരികിലെ നെൽപ്പാടങ്ങൾ അനധികൃതമായി നികത്തുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. മടവൂർ അമ്പത്ത് താഴത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുൻപിലെ വയലിലും പഞ്ചവടിപ്പാലത്തിനു സമീപത്തുള്ള വയലുകളിലുമാണ് അനധികൃതമായി മണ്ണിറക്കിയിരിക്കുന്നത്.
തരം മാറ്റുന്നതിനുള്ള ആദ്യപടിയായാണ് ഇതെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇവിടങ്ങളിൽ വയലിലേക്ക് നീങ്ങി പുതുതായി കമുകിൻ തൈകളും വാഴക്കന്നുകളും വളരുന്നുണ്ട്. ഇവ സംരക്ഷിക്കാനെന്ന വ്യാജേനെ ഇവിടെ പുറത്തുനിന്ന് ലോറിയിൽ മണ്ണിറക്കുകയാണെന്ന് അവർ പറയുന്നു. വയൽ മണ്ണിട്ടുനികത്തുന്നതിന് അധികൃതരുടെ പ്രത്യേക അനുവാദം വേണം. പ്രദേശത്ത് കൃഷി ഇടം മണ്ണിട്ടുനിരത്തി ഉയർത്തുന്ന പ്രവണത വർദ്ധിച്ചതോടെ നെൽവയലുകളുടെ വിസ്തൃതി വർഷംതോറും കുറയുകയാണ്.
മടവൂർമുക്ക് മുതൽ നരിക്കുനിവരെ നീളുന്ന മൂന്നരക്കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുഭാഗവും നേരത്തേ സമൃദ്ധമായി നെല്ലുണ്ടായിരുന്ന വയലുകളായിരുന്നു. നെല്ലുകൊയ്യുന്നതോടെ വാരം ഉയർത്തി മണ്ണ് അതിൽ നിറയ്ക്കുകയാണ് പതിവ്. ഇതോടെ തെങ്ങിൻ തൈകളും അവിടെ ഇടംപിടിക്കും. ഇത്തരത്തിൽ കതിരണിഞ്ഞിരുന്ന നെൽവയലുകളാണ് കമുകിൻ തോട്ടങ്ങളും തെങ്ങിൻ തോപ്പുകളുമായി മാറിയത്.
ബാക്കിവന്ന കൃഷി ഇടം നെൽക്കൃഷിക്കായി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മടവൂർമുക്കിലും പരിസരങ്ങളിലും നെൽവയൽ നികത്തുന്നതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരുകയുമാണെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു