കൊയിലാണ്ടി: എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഡിപ്പോയില്‍ ഇന്ധന ചോര്‍ച്ച. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് ഓവുചാലിലൂടെ ഇന്ധനം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ ഓവുചാലില്‍ നിന്നും കുപ്പിയില്‍ ഇന്ധനം ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലും പെട്രോളുമാണെന്ന് മനസ്സിലായത്.
അഗ്നിരക്ഷാ സേനയെ വിവരമറിയച്ചതിനെ തുടര്‍ന്ന് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇന്ധനം ഓവുചാലില്‍ നിന്നും മാറ്റുകയാണ്. ഏതാണ്ട് ഒരുകിലോമീറ്ററോളം ഇന്ധനം ഒഴുകിയിട്ടുണ്ട്. സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇന്ധനം എത്രയും പെട്ടെന്ന് ഓവുചാലില്‍ നിന്നും നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.