Trending

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

വയനാട്: മകനെ കുടുക്കാനായി കടയില്‍ കഞ്ചാവ് വെച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി. അബൂബക്കറാണ് (67) അറസ്റ്റിലായത്. വൈരാഗ്യത്തിന്റെ പേരിലാണ് മറ്റു മൂന്നുപേരുടെ സഹായത്തോടെ അബൂബക്കര്‍ മകന്റെ കടയില്‍ കഞ്ചാവ് വെച്ചത്. കഴിഞ്ഞ സെപ്റ്റംബർ ആറിന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.

മാനന്തവാടി- മൈസൂരു റോഡിൽ അബൂബക്കറിന്റെ മകൻ നൗഫൽ നടത്തുന്ന പി.എ ബനാന എന്ന സ്ഥാപനത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് നൗഫൽ പള്ളിയിൽ പോയ സമയത്ത് കഞ്ചാവ് കൊണ്ടുവെച്ചത്. തുടര്‍ന്ന് അബൂബക്കര്‍ തന്നെ എക്‌സൈസില്‍ വിളിച്ച് വിവരം നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2.095 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഫലിന്റെ നിരപരാധിത്വം വ്യക്തമായത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നൗഫലിന് അന്ന് തന്നെ ജാമ്യം നല്‍കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തിലാണ് സംഭവത്തില്‍ അബൂബക്കറിന്റെ പങ്ക് വ്യക്തമായത്. അബൂബക്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയും, ഓട്ടോ ഡ്രൈവർ ജിന്‍സ് വര്‍ഗീസും(38), അബ്ദുള്ള എന്നയാളുമാണ് അബൂബക്കറിനെ സഹായിച്ചത്. 

കര്‍ണാടകയില്‍ നിന്നായിരുന്നു സംഘം കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കൊണ്ടുവരാന്‍ സഹായം നല്‍കിയ ജിന്‍സിനെ എക്‌സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്ള മുൻകൂർ ജാമ്യം നേടി. സംഭവത്തിൽ ഉൾപ്പെട്ട കർണാടക സ്വദേശിയെ ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അബൂബക്കറിനെ കൽപ്പറ്റ എൻ.ഡി.പി.എസ് കോടതി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post