നന്മണ്ട: കോഴിക്കോട്-ബാലുശ്ശേരി പാതയിൽ റീ-ടാറിങ് കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും റോഡിന്റെ വശങ്ങളിൽ മണ്ണിട്ടുയർത്താത്തതിനാൽ അപകടം പതിവാകുന്നു. നന്മണ്ട 13-ലാണ് റോഡരിക് താഴ്ന്നു കിടക്കുന്നത് മൂലം അപകടക്കെണിയാകുന്നത്. ഇരുചക്രവാഹനക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനക്കാർ താഴെ ചാടിപ്പോയാൽ പിന്നെ റോഡിലേക്കുകയറ്റാൻ മറ്റുള്ളവരുടെ സഹായം തേടണമെന്ന സ്ഥിതിയാണ്. ബാലുശ്ശേരി റോഡിൽ ചിലഭാഗങ്ങളിൽ അപകടം മുൻകൂട്ടിക്കണ്ട് നാട്ടുകാർ തന്നെ റോഡരിക് മണ്ണിട്ടുനികത്തിയെങ്കിലും കനത്ത മഴയിൽ എല്ലാം ഒലിച്ചുപോവുകയായിരുന്നു.
നന്മണ്ട 13-ൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ അടുത്തകാലത്ത് കോൺക്രീറ്റു ചെയ്ത് നികത്തിയെങ്കിലും ബസ് കാത്തിരിപ്പുകേന്ദ്രം തുടങ്ങി പെട്രോൾ പമ്പുവരെയാണ് റോഡരിക് താഴ്ന്നുകിടക്കുന്നത്. ഏതാനും ദിവസം മുൻപ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു യുവതി വാഹനത്തിന് വശം കൊടുത്തപ്പോൾ ചാടിപ്പോവുകയും അപകടം സംഭവിക്കുകയും ചെയ്തതാണ് അവസാനത്തെ സംഭവം. നന്മണ്ട അങ്ങാടിയിലെ റോഡരികുകൾ കോൺക്രീറ്റു ചെയ്ത് വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Tags:
LOCAL NEWS