വടകര: വടകര കരിമ്പനപ്പാലത്ത് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍. മലപ്പുറം സ്വദേശിയായ മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാത്രി എട്ടരയോടെയാണ് KL 54 P 1060 നമ്പര്‍ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം വാതിലിനോട് ചേര്‍ന്നും രണ്ടാമത്തേയാളുടേത് മറ്റൊരു ഭാഗത്തുമായാണുണ്ടായിരുന്നത്.
ഇന്നലെ മുതലേ ഈ വാഹനം കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. വാഹന മാനേജറുടെ വടകരയിലുള്ള സുഹൃത്ത് വന്ന് നോക്കിയപ്പോഴാണ് വാതിലിനോട് ചേര്‍ന്ന് ഒരു മൃതദേഹം കാണപ്പെട്ടത്. അദ്ദേഹം പോലീസില്‍ അറിയിച്ചതുപ്രകാരം വടകര പോലീസെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്.
കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. സ്‌റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.