എറണാകുളം: എറണാകുളം നേര്യമംഗലത്ത് കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് കഞ്ചിക്കാട് സ്വദേശി ആൻമേരി (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശ്ശേരി അൽത്താഫ് അബൂബക്കർ (21) കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും കോതമംഗലം എം എ എൻജിനിയറിങ് കോളേജ് മൂന്നാംവർഷ ബിടെക് മെക്കാനിക്കൽ വിദ്യാർഥികളാണ്.
ഇന്ന് വൈകുന്നേരം അഞ്ചിന് നേര്യമംഗലം ചെമ്പൻകുഴി ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. ഇവിടെയിറങ്ങിയ കാട്ടാന പന മറിച്ചിടുകയും ഇത് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആൻമേരിയുടെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആൻമേരിയുടെ അച്ഛൻ: സി ജെ വിൻസൺ (ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ് ജീവനക്കാരൻ). അമ്മ: ജീന (അധ്യാപിക, കഞ്ചിക്കോട് ഗവ. ഹൈസ്‌കൂൾ). സഹോദരി: റോസ്‌മേരി.