Trending

കോഴിക്കോട് ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ട് രണ്ടു രോഗികൾ മരിച്ചു


കോഴിക്കോട്: ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ട് വഴിയിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു. മലപ്പുറം എടരിക്കോട് സ്വദേശി സുലൈഖ (54), വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ (45) എന്നിവരാണ് മരിച്ചത്. കോഴിക്കോട് രാമനാട്ടുകരയ്ക്ക് സമീപം കാക്കഞ്ചേരി ഭാഗത്താണ് ആംബുലൻസുകൾ റോഡിൽ കുടുങ്ങിയത്. അരമണിക്കൂറോളം നേരം രോഗികളുമായി പോകുകയായിരുന്ന ആംബുലൻസ് വഴിയിൽപ്പെട്ടു.

അടിയന്തര ചികിത്സ ആവശ്യമായ രണ്ട് രോഗികളായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. റോഡിൽ വാഹനങ്ങൾ നിറഞ്ഞതോടെയാണ് ആംബുലൻസിന് മുന്നോട്ടുപോകാൻ സാധിക്കാതെ മുപ്പത് മിനിറ്റോളം കുടുങ്ങിയത്. ചേലമ്പ്രയ്ക്ക് സമീപം കാക്കഞ്ചേരിയിലാണ് സംഭവം. ദേശീയപാതയുടെ പ്രവർത്തികൾ ഒരു വശത്ത് നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ്. പണിപൂർത്തിയായ സ്ഥലങ്ങളിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്.

സംഭവത്തിൽ മരിച്ച സുലൈഖയെ കോട്ടയ്ക്കയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ബ്ലോക്കിൽ കുടുങ്ങിയത്. സാധാരണഗതിയിൽ ഇവിടെ നിന്നും പോകാൻ നാല്പത് മിനിറ്റ് മാത്രമാണ് സമയം വേണ്ടതെന്ന് ആംബുലൻസ് ഡ്രൈവർമാർ പ്രതികരിച്ചു. ഷജിൽ കുമാറിനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ബ്ലോക്കിൽ കുടുങ്ങിയത്. 

തുടർന്ന് രണ്ടു രോഗികളെയും ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. പത്ത് മിനിറ്റ് മുൻപെങ്കിലും എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

Post a Comment

Previous Post Next Post