മലപ്പുറം: മലപ്പുറം വെളിയങ്കോട്ട് ടൂറിസ്റ്റ് ബസ് ദേശീയ പാതയിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരു വിദ്യാർത്ഥിനി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മൊറയൂർ പഞ്ചായത്ത് അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മൊറയൂർ ഒഴുകൂർ പള്ളിമുക്കിലെ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നിന്നും ഇടുക്കിയിലേക്ക് വിനോദയാത്രക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രാ സംഘം തിരികെ വരുമ്പോൾ വെളിയങ്കോട് ഹൈവേയിലെ പാലത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ഉടനെ ആ ബസ്സിൽ തന്നെ പരിക്കേറ്റവരെ കുറ്റിപ്പുറം മിനി പമ്പവരെ എത്തിച്ചു. തുടർന്ന് 108 ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.