ഡമസ്കസ്: സിറിയയിൽ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ യുഗം അവസാനിച്ചുവെന്ന് വിമതർ. സിറിയ സ്വതന്ത്രരാജ്യമായെന്നും വിമതർ പ്രഖ്യാപിച്ചു. സിറിയയുടെ ചരിത്രത്തിൽ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വിമതർ അറിയിച്ചു. കഴിഞ്ഞ 50 വർഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലിലായിരുന്നു. 13 വർഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കൽ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പുതിയ സിറിയ പരസ്പര സഹകരണത്തോടെയായിരിക്കും പ്രവർത്തിക്കുക. ഇവിടെ നീതി നടപ്പാവുകയും സിറയക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും. മുമ്പുണ്ടായിരുന്ന കറുത്ത ഏടിനെ മാറ്റി പുതിയൊരു യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം, ബശ്ശാറിൻ്റെ പതനത്തിന് ശേഷം ആയിരക്കണക്കിന് ആളുകൾ സിറിയൻ തെരുവുകളിലറങ്ങി ആഹ്ലാദപ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്കസിൽ സ്ഥാപിച്ചിരുന്ന ബശ്ശാറുൽ അസദിന്‍റെ പിതാവിന്‍റെ പ്രതിമകൾ ജനങ്ങൾ തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതിനിടെ, പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, രാജ്യം വിടാൻ തനിക്ക് പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി പറഞ്ഞു. പൊതുസ്ഥാപനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കാൻ വിമതർ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്പത്ത് സംരക്ഷിക്കാൻ പൊതുജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. രക്തരൂഷിത ആഭ്യന്തര കലാപം തുടരുന്ന സിറിയയുടെ തലസ്ഥാനമായ ഡമസ്കസ് വളഞ്ഞെന്ന് നേരത്തെ, വിമതസേന അവകാശപ്പെട്ടിരുന്നു. മൂന്നു സുപ്രധാന നഗരങ്ങൾ വിമതസേന പിടിച്ചെടുത്തെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് സിറിയ സ്വതന്ത്രമായെന്ന് അവകാശപ്പെട്ട് വിമതർ രംഗത്തെത്തിയത്.
Tags:
INTERNATIONAL