Trending

പിഴത്തുക വിഴുങ്ങി ഇ-ചെലാൻ സൈറ്റ്, പരാതി നല്‍കാൻ സംവിധാനമില്ല; പണമടച്ചവര്‍ ആശങ്കയില്‍

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് 'ഇ-ചെലാൻ' വെബ്സൈറ്റ് വഴി ഓണ്‍ലൈനില്‍ പണം അടച്ചവരുടെ തുക നഷ്ടമായി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കുറവുവന്നെങ്കിലും പിഴ ഒടുക്കിയതായി കാണിക്കുന്നില്ല. വീണ്ടും അടയ്ക്കണമെന്ന സന്ദേശമാണ് തെളിയുന്നത്. പൂർത്തിയാകാത്ത പണമിടപാട് പരിശോധിക്കാനുള്ള വെബ്സൈറ്റിലെ സംവിധാനം പ്രവർത്തനരഹിതമാണ്. പരാതിപ്പെടാൻ മറ്റുവഴികളൊന്നും അതിലില്ല.

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള 'ഇ-ചെലാൻ' സൈറ്റിലാണ് പോലീസ്, മോട്ടോർ വാഹനവകുപ്പുകള്‍ ചുമത്തുന്ന കേസുകള്‍ക്ക് പിഴ അടയ്ക്കേണ്ടത്. രണ്ടാഴ്ചയായി അപേക്ഷകരെ വലച്ച 'വാഹൻ' സോഫ്റ്റ്‌വേയർ തകരാറിനൊപ്പം ഇ-ചെലാനും പണിമുടക്കിയിരുന്നു. ഇതിനുശേഷം പ്രവർത്തനക്ഷമമായപ്പോഴാണ് പണമിടപാടില്‍ കുഴപ്പമുണ്ടായത്.

വാഹന വില്പന, ഫിറ്റ്നസ് രജിസ്ട്രേഷൻ പുതുക്കല്‍ എന്നിവയ്ക്ക് പിഴക്കുടിശ്ശിക തീർക്കേണ്ടതുണ്ട്. അങ്ങനെ പിഴയൊടുക്കിയവരാണ് കഴിഞ്ഞ ദിവസം കുഴങ്ങിയത്. പിന്നീട് ഇവർ ആർ.ടി ഓഫീസ്, പോലീസ് മൊബൈല്‍ പട്രോള്‍ വാഹനങ്ങളിലെ ഇ-പോസ് മെഷീൻ മുഖേന വീണ്ടും പിഴ അടയ്ക്കേണ്ട ഇടവന്നു. തകരാർ പരിഹരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post