കോഴിക്കോട്: മെക്- 7നെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യായാമ കൂട്ടായ്മയെ എതിര്‍ക്കേണ്ടതില്ലെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ. പൊതുയിടങ്ങളില്‍ വര്‍ഗീയവാദികള്‍ നുഴഞ്ഞു കയറുന്നതിനെതിരെയാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ, സംഘപരിവാര്‍ എന്നിവരെ കുറിച്ചുള്ള ജാഗ്രതപ്പെടുത്തലാണ് നടത്തിയത്. എല്ലാ വര്‍ഗീയതയേയും എതിര്‍ക്കുന്നതാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലയിടങ്ങളില്‍ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഈ വേദിയെ മുതലെടുക്കുന്നതായി പി മോഹനന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളുടെ അന്വേഷണത്തില്‍ അങ്ങനെ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിയാണ് ഇതിന്റെ പിന്നിലെന്ന് സമസ്ത എപി വിഭാഗവും നിലപാട് വ്യക്തമാക്കിയിരുന്നു. സമസ്ത സെക്രട്ടറി പേരോട് അബ്ദുള്‍റഹ്മാന്‍ സഖാഫിയാണ് ഇങ്ങനെ പറഞ്ഞത്.
ഒരിടത്ത് പരിശീലനത്തിനെത്തിയയാള്‍ അഭ്യാസമുറകള്‍ പഠിച്ചെടുത്ത് അത് സ്വന്തം നാട്ടില്‍ പ്രയോഗിക്കുന്ന രീതിയിലാണ് ഇതിന്റെ സംവിധാനം. ഈയൊരു സംവിധാനത്തെയാണ് നിക്ഷിപ്ത താത്പര്യക്കാര്‍ മുതലെടുക്കുന്നുവെന്ന സംശയവും വിമര്‍ശനവും ഉയര്‍ന്നത്.