ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗല്‍-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ച ഏഴുപേരില്‍ മൂന്നു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. ആറ് രോഗികള്‍ ലിഫ്റ്റില്‍ കുടുങ്ങി.
മരിച്ച ഏഴു പേരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. തേനി സ്വദേശി സുരുളി (50), ഇദ്ദേഹത്തിന്റെ ഭാര്യ സുബ്ബലക്ഷ്മി (45), മാരിയമ്മാള്‍ (50) , മാരിയമ്മാളിന്റെ മകന്‍ മണി മുരുഗന്‍ (28), രാജശേഖര്‍ (35) എന്നിവരാണ് മരിച്ച അഞ്ചുപേര്‍. മൂന്നു വയസുകാരനടക്കം മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് മന്ത്രി ഐ പെരിയസാമി സ്ഥലത്തെത്തി. അതേസമയം, ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ലിഫ്റ്റില്‍ കുടുങ്ങിയ ആറുപേരെയും പുറത്തെത്തിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടരാനുള്ള കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു. മരിച്ച ഏഴുപേരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.
Tags:
NATIONAL