ഇടുക്കി: തൊടുപുഴ കുമളിയിൽ നാലരവയസുകാരൻ ഷഫീഖിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനും രണ്ടാനമ്മക്കും ശിക്ഷ വിധിച്ച് തൊടുപുഴ സെഷൻസ് കോടതി. പിതാവ് ഷെരീഫിനെ ഏഴുവർഷം തടവിനും 50,000 രൂപ പിഴക്കും രണ്ടാനമ്മ അനീഷയെ 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ കൂടുതൽ കാലം ശിക്ഷയനുഭവിക്കണം. കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷാവിധി.
2013 ജൂലൈയിൽ ആണ് ഷഫീഖ് ക്രൂര പീഡനത്തിന് ഇരയായത്. അപസ്‍മാരം ഉള്ള കുട്ടി കട്ടിലില്‍ നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറംലോകം അറിഞ്ഞത്. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നും അവരെ നോക്കേണ്ടതുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു.
എന്നാല്‍, ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. മെഡിക്കല്‍ റിപ്പോർട്ടുകളാണ് കേസില്‍ നിർണായകമായത്. നിലവിൽ തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളേജിന്‍റെ സംരക്ഷണത്തിലാണ് ഷഫീഖും സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്. 11 വർഷമായി രാഗിണിയാണ് ഷഫീഖിനെ സംരക്ഷിക്കുന്നത്.