കുന്ദമംഗലം: പുതുവർഷാഘോഷത്തിന് കൊണ്ടുവന്ന 50 കുപ്പി പോണ്ടിച്ചേരി വിദേശമദ്യവും ആറായിരത്തോളം പാക്കറ്റ് ഹാൻസുകളുമായി കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബുവിനെ (37) നിതിൻ.എ യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടി.
വരട്യാക്കിൽ പെരിങ്ങോളം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് പ്രതി വലയിലായത്. കുന്ദമംഗലം, നരിക്കുനി, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ രണ്ടു വർഷത്തോളമായി ഇയാൾ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നത്.
പുതുവർഷാഘോഷത്തിന് വില്പന നടത്താനുള്ള മദ്യവും ലഹരി വസ്തുക്കളുമാണ് വൻതോതിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കെട്ടിട ഉടമയെ പാത്രക്കച്ചവടം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട് വാടകയ്ക്കെടുത്തത്. താമസ സ്ഥലത്ത് നിന്ന് ഇയാളുടെ സ്കൂട്ടറും പോലീസ് പിടികൂടി. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയതിന് മുൻപും ഇയാളുടെ പേരിൽ വെള്ളയിൽ പോലീസ് സ്റ്റേഷനിലും കാക്കൂർ പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്.
പുകയില ഉത്പ്പന്നങ്ങൾ വിറ്റുകിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ് രീതി. തടമ്പാട്ടു താഴത്തെ ഫ്ലാറ്റിലാണ് ഇപ്പോൾ ഇയാളുടെ താമസം. പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നത്തിന് വിപണിയിൽ 4 ലക്ഷത്തോളം രൂപ വില വരുമെന്നും കൂടുതൽ വിവരങ്ങൾക്ക് പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കുന്നമംഗലം ഇൻസ്പെക്ട്ടർ കിരൺ എസ് പറഞ്ഞു.