പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പുനല്ലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം. ശബരിമല ഭക്തര്‍ സഞ്ചരിച്ച ബസിലേക്ക് എതിര്‍ദിശയില്‍ വരികയായിരുന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പൻ മത്തായി. കഴിഞ്ഞ നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം.
മധുവിധുവിന് മലേഷ്യയിൽ പോയതിന് ശേഷം മടങ്ങിയെത്തിയ അനുവിനെയും നിഖിലിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. ഇവരിൽ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കൂട്ടിയിടിയുടെ വലിയ ശബ്ദം കേട്ടാണ് പ്രദേശത്തേക്ക് ഓടിയെത്തിയതെന്നും, ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നെന്നും സമീപവാസികൾ പറഞ്ഞു. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ് ഉണ്ടായിരുന്നത്.
പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. മരിച്ച മൂന്ന് പേരുടെ മൃതദേഹം കോന്നി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാഹനത്തിലുള്ളവർ ഉറങ്ങിപ്പോയതാകാം അപകടകാരണമായി പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.