Trending

ഓൺലൈൻ തട്ടിപ്പിലൂടെ കവർന്നത് 43 ലക്ഷം; പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ


പേരാമ്പ്ര: ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പേരാമ്പ്ര സ്വദേശിയായ പ്രതി അറസ്റ്റിൽ. പേരാമ്പ്ര ചങ്ങരോത്ത് അവടുക്ക എൽപി സ്‌കുളിന് സമീപം മീത്തലെ കുന്നത്ത് മുഹമ്മദ് സാലിം (21) ആണ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. 

ചവറ സ്വദേശിയുടെ ഫേസ്ബുക്കിലേക്ക് ഷെയർ ട്രേഡിംഗ് സ്ഥാപനത്തിന്റെ പരസ്യം അയച്ച് വിശ്വസിപ്പിച്ച ശേഷം വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് ഇപ്പോൾ മാർക്കറ്റ് ഹൈ ആണെന്നും ഷെയർ ട്രേഡിംഗ് വഴി 100 ശതമാനം ലാഭം ലഭിക്കുമെന്നും അറിയിച്ച ശേഷം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഐ.പി.ഓ (ഇനിഷ്യൽ പബ്ലിക്ക് ഓഫറിംഗ്) അലോട്ട് ആയിട്ടുണ്ടെന്നും ഷെയർ വാങ്ങിയില്ലെങ്കിൽ ഫണ്ട് ബ്ലോക്ക് ആകുമെന്നും മറ്റും മെസ്സേജ് അയച്ച് വിശ്വസിപ്പിച്ചു. ഇത്തരത്തിൽ 43 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. 

പണം നഷ്ടമായതിനെ തുടർന്ന് കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ചവറ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി ഡി.സി.ആർ.ബി അസി.പോലീസ് കമ്മീഷണർ നസീർ.എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post