ഇടുക്കി: സെക്കന്റ് ഹൻഡ് മൊബൈൽ വാങ്ങിയ യുവാവിന് തിഹാർ ജയിലിൽ കഴിയേണ്ടിവന്നത് 35 ദിവസം. വർഷങ്ങളായി ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ചെന്നൈ സ്വദേശി ഷമീമിനാണ് ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡൽഹി സ്വദേശിയായ യുവതിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ നവംബർ 22ന് നെടുങ്കണ്ടത്ത് നിന്നാണ് ഡൽഹി പോലിസ് ഷമീമിനെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കേസിൽ ഡൽഹി സ്വദേശി മാനവ് വിഹാരിയെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീം വാങ്ങിയ സെക്കൻഡ് ഹാൻഡ് മൊബൈലിന്റെ ഐപി അഡ്രസിൽ നിന്നാണ് സന്ദേശം അയച്ചതെങ്കിലും ഫൊറൻസിക് പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചില്ല. ഷമീമിന് ഒന്നാം പ്രതിയുമായോ പെൺകുട്ടിയുമായോ ബന്ധമുണ്ടെന്നും കണ്ടെത്താനായില്ല. ഇതോടെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയിൽ അപേക്ഷ നൽകേണ്ടി വന്നു.
ഷമീമിന്റെ കൈവശമുണ്ടായിരുന്ന ഫോണിന്റെ ഐ.പി അഡ്രസ് ഉപയോഗിച്ച് ആരാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കേസ് ജനുവരി 10ന് വീണ്ടും കോടതി പരിഗണിക്കുമ്പോൾ കുറ്റവിമുക്തനാക്കുമെന്നുള്ള പ്രതീക്ഷയിലാണ് യുവാവ്. അഭിഭാഷകരായ ബിജു പി രാമനും ജോൺ തോമസ് അറയ്ക്കലും ഷമീമിനായി കോടതിയിൽ ഹാജറായി.