കൊടുവള്ളി: ‘ഞങ്ങളും കൃഷിയിലേക്ക്’പദ്ധതി പ്രകാരം 100 ഗ്രൂപ്പുകൾ വഴി 30 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ഇറക്കുകയാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി രജിസ്റ്റർ ചെയ്ത 100 ഗ്രൂപ്പുകൾക്ക് അത്യുത്പാദന ശേഷിയുള്ള വിത്തുകളും തൈകളുമാണ് നൽകുന്നത്.
പദ്ധതി പ്രകാരം 1.6 ലക്ഷം തൈകൾ വിതരണം ചെയ്തിട്ടുണ്ട്. തക്കാളി, പച്ചമുളക്, വഴുതന, വെണ്ട, പയർ, കാബേജ്, കോളിഫ്ലവർ തുടങ്ങിയ തൈകളും ചീര, കക്കിരി, തണ്ണിമത്തൻ തുടങ്ങിയവയുടെ വിത്തുകളുമാണ് വിതരണം ചെയ്യുന്നത്. കൃഷിയിൽ സ്വയം പര്യാപ്തത നേടി വിഷരഹിത പച്ചക്കറി ഉത്പാദനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോഹനന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിപണനത്തിനായി ഹരിത സഞ്ചാരി എന്ന സഞ്ചരിക്കുന്ന കർഷക വിപണിയും ബ്ലോക്ക് പഞ്ചായത്ത് കർഷകർക്കായി നടത്തിവരുന്നുണ്ട്. ഗ്രൂപ്പ് കൃഷിയുടെ ഉദ്ഘാടനം കിഴക്കോത്ത് പഞ്ചായത്തിലെ കണ്ടിയിൽ വയലിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ നിർവഹിച്ചു.
കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് അംഗം വി.പി. അഷ്റഫ് അധ്യക്ഷനായി. ശ്യാമള രവീന്ദ്രൻ, കെ.എം. സജിനി, വിലാസിനി കാവിൽ, ഫൗസിയ നെരോത്ത്, കെ.സി. രേണുക, ജിഷ നെരോത്ത്, കെ.സി. മുഹമ്മദ്, ഗീത നെരോത്ത് എന്നിവർ സംസാരിച്ചു.
Tags:
LOCAL NEWS