താമരശ്ശേരി: ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു കേൾക്കാനും പരിഹാരം കാണാനും മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ’കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകൾ ജില്ലയിൽ മികച്ച വിജയമായെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. താമരശ്ശേരിയിൽ താലൂക്ക് തല അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ താലൂക്കുകളിലും അദാലത്തുകൾ ഫലപ്രദമായി പൂർത്തിയായതായി മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ 4 താലൂക്കുകളിൽ നടന്ന അദാലത്തുകളിൽ ജനങ്ങളുടെ ഗൗരവമുള്ള പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണാൻ സാധിച്ചതായി അദാലത്തിൽ പങ്കെടുത്ത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അദാലത്തുകളിൽ പുതുതായി ലഭിച്ച അപേക്ഷകൾക്ക് മുൻഗണന നൽകി പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
എംഎൽഎമാരായ ലിന്റോ ജോസഫ്, കെ.എം സച്ചിൻദേവ്, കലക്ടർ സ്നേഹിൽ കുമാർ സിങ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. താമരശ്ശേരി താലൂക്ക് തല അദാലത്തിൽ ഓൺലൈൻ പോർട്ടൽ വഴി 140 പരാതികളും നേരിട്ട് 152 പരാതികളും ലഭിച്ചു. ഓൺലൈനായി ലഭിച്ച പരാതികളിൽ 96 എണ്ണം തീർപ്പാക്കി. ബാക്കി വരുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സത്വര നടപടികൾ സ്വീകരിക്കുന്നതിനു കൈമാറി.