Trending

ജില്ലയിലെ എല്ലാ കോഴി സ്റ്റാളുകളിലും ജനുവരി 15 നുള്ളിൽ ഫ്രീസർ സൗകര്യം നിർബന്ധം; പരിശോധിക്കാൻ എൻഫോഴ്‌സ്മെന്റ് വിഭാഗമെത്തും


കോഴിക്കോട്: ജില്ലയിലെ എല്ലാ കോഴി സ്റ്റാളുകളിലും ജനുവരി 15 നുള്ളിൽ ഫ്രീസർ സൗകര്യം നിർബന്ധമാക്കാൻ കളക്ടറുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ (ഡിഎൽഎഫ്എംസി) തീരുമാനം. കൂടാതെ കോഴി മാലിന്യം സംസ്‌കരിക്കാൻ കൂടുതൽ ഏജൻസികളെ ഏർപ്പെടുത്താനും തീരുമാനമായി. നിർദ്ദേശം നടപ്പിലായോയെന്ന് പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് വിഭാഗത്തിനെ ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്തിന്റെ കണക്കു പ്രകാരം 2018 ൽ തന്നെ വർഷം 92 ടൺ കോഴി മാലിന്യം ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് സംസ്‌കരിക്കുന്നതിനായി താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു ഏജൻസി മാത്രമേ നിലവിലുള്ളു. ഈ ഏജൻസിയ്ക്ക് 30 ടൺ കോഴി മാലിന്യം മാത്രമേ സംസ്ക്കരിക്കാനാകൂ. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ഏജൻസികളെ ക്ഷണിക്കാനുള്ള തീരുമാനം. കോഴി സ്റ്റാളുകൾക്കും പുറമെ സ്റ്റാളുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഫ്രഷ് കട്ടിന്റെ വാഹനങ്ങളിലും ഫ്രീസർ നിർബന്ധമാക്കും.

ഫ്രഷ് കട്ട് ഏജൻസിയോട് ആവശ്യപ്പെട്ട പ്രകാരം വെയിങ് ബ്രിഡ്ജ്, എഫ്‌ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വെഹിക്കിൾ വാഷിംഗ് ഏരിയ ഫെസിലിറ്റി എന്നീ സൗകര്യങ്ങൾ ഏജൻസി ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരിസരവാസികൾ പരാതി ഉന്നയിച്ച, പ്ലാന്റിൽ നിന്നും വമിക്കുന്ന ദുർഗന്ധം കുറഞ്ഞിട്ടില്ല. ഇതേതുടർന്നാണ് പൂർണമായും അഴുകിയ കോഴി മാലിന്യം പ്ലാന്റിൽ എത്തുന്നത് ഒഴിവാക്കാൻ സ്റ്റാളുകളിൽ ഫ്രീസർ നിർബന്ധമാക്കുന്നത്.

ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി എഞ്ചിനീയർ സൗമ ഹമീദ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ എം ഗൗതമൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ്, എൻഐടിയിലെ സാങ്കേതിക വിദഗ്ധൻ പ്രവീൺ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post