നന്മണ്ട: നന്മണ്ട 12-ൽ പൊതുശൗചാലയമില്ലാത്തതിനാൽ പൊതുജനങ്ങൾ ദുരിതത്തിൽ. കാരക്കുന്നത്ത്, കുട്ടമ്പൂർ, കൂളിപ്പൊയിൽ, രാമല്ലൂർ പ്രദേശങ്ങളിൽ നിന്നായി കോഴിക്കോട്ടേക്കും ബാലുശ്ശേരിയിലേക്കും പോവാൻ വേണ്ടി ബസ് കാത്തുനിൽക്കുന്നവരും ടൗണിൽ നിന്ന് മടക്കയാത്ര കഴിഞ്ഞ് ബസിറങ്ങുന്നവരുമാണ് ശങ്കതീർക്കാനാവാതെ അസ്വസ്ഥരാകുന്നത്.
ഒന്നരപ്പതിറ്റാണ്ട് മുൻപ് നന്മണ്ട ഹൈസ്ക്കൂൾ ഗ്രൗണ്ടിനോടുചേർന്ന് പൊതുശൗചാലയവും പൊതുജനത്തിന് ശൗചാലയത്തിലേക്കുള്ള സിമന്റുപടിയുമുണ്ടായിരുന്നു. എന്നാൽ, ഹയർസെക്കൻഡറിയായി ഉയർന്നതോടെ കുറച്ചു മാസം കൂടി ശൗചാലയം ജനത്തിന് ഉപയോഗിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് സിമന്റുപടി കയറിയുള്ള വഴി അടയ്ക്കുകയായിരുന്നു. പഴയ ശൗചാലയം പൊളിച്ച് പിന്നീട് ഇവിടെ വിദ്യാർത്ഥികൾക്ക് മൂത്രപ്പുര നിർമ്മിക്കുകയും ചെയ്തിരുന്നു.
യാത്രക്കാരും പൊതുജനങ്ങളുമേറെയുള്ള കോഴിക്കോട്-ബാലുശ്ശേരി പാതയിലെ പ്രധാന അങ്ങാടിയാണ് നന്മണ്ട 12. പക്ഷേ, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പരിസരത്തെ വീടുകളെ ആശ്രയിക്കേണ്ട ഗതികേടാണ് നന്മണ്ട 12-ലെത്തുന്ന യാത്രക്കാർക്ക്. 12-ലെ ബ്ലോക്ക് പഞ്ചായത്ത് കിണറിനടുത്ത് പുറമ്പോക്കുഭൂമിയുണ്ട്. ആ സ്ഥലം പൊതുശൗചാലയത്തിനായി വിനിയോഗിക്കാം. കിണർ ഉപയോഗശൂന്യമാണെങ്കിലും നികത്താൻ നിലവിൽ വകുപ്പില്ല. പുറമ്പോക്കുഭൂമി പൊതുശൗചാലയ നിർമ്മാണത്തിനായി വിനിയോഗിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.