താമരശ്ശേരി: കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ. താമരശ്ശേരി, കോരങ്ങാട് കേളന്മാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീർ(35)നെയാണ് 97 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. പ്രതിയുടെ വീട്ടിലെ ബെഡ്റൂമിൽ കട്ടിലിനു അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
വർഷങ്ങളായി കോഴിക്കോട്, വയനാട് ജില്ലകളിൽ മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന ഇയാൾ ആദ്യമായാണ് പിടിയിലാവുന്നത്. ബംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും കാരിയർമാർ മുഖേന എത്തിക്കുന്ന ലഹരിമരുന്ന് വിൽപ്പന നടത്തുന്നതിന് ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ട്.
മയക്ക് മരുന്ന് വിൽപ്പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി. അടുത്തിടെ താമരശ്ശേരിയിൽ തുടങ്ങിയ കാർ വാഷിങ് സെന്ററിന് വേണ്ടി ഇത്തരത്തിൽ സ്വരൂപിച്ച പണം ഉപയോഗിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞു. പിടികൂടിയ മയക്ക് മരുന്നിനു വിപണിയിൽ മൂന്ന് ലക്ഷത്തോളം വില വരും.