Trending

എരഞ്ഞിപ്പാലത്ത് ബൈക്കിൽ ബസിടിച്ച് അതേ ബസിന്റെ ടയർ തലയിലൂടെ കയറി സ്ത്രീ മരിച്ചു


കോഴിക്കോട്: എരഞ്ഞിപ്പാലം ജംഗ്ഷനിൽ വെച്ച് ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേ ബസിൻ്റെ ടയർ തലയിൽ കയറി മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ആശുപത്രി ജീവനക്കാരി എരഞ്ഞിപ്പാലം രാരിച്ചൻ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയിൽ വിലാസിനി (62)യാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. വിലാസിനി സഹോദരൻ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അയ്യപ്പൻ-ജാനു ദമ്പതിമാരുടെ മകളാണ് വിലാസിനി. അവിവാഹിതയാണ്. മറ്റു സഹോദരങ്ങൾ: ശോഭന, രാജൻ, ബാബു, ബേബി, അജിത, അനിത.

Post a Comment

Previous Post Next Post