നന്മണ്ട: തളി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നവരാത്രി നാളിൽ പാടിയ രാമാനി നൂനം വിന...... വാരമു......രാമാനി നൂനം വിനാ ഗാനം വൈറലായതോടെ റസ്മിയ എന്ന ഏഴാം ക്ലാസുകാരി നന്മണ്ടയിലെ താരം മാത്രമല്ല ജില്ലയ്ക്കകത്തും പുറത്തുമായി സമൂഹ്യമാധ്യമത്തിലൂടെ റസ്മിയയെ പുകഴ്ത്തിയും പ്രോത്സാഹിപ്പിച്ചും സംഗീതാസ്വാദകരുടെ കുറിപ്പാണ്. ഇതിനോടകം തന്നെ അരലക്ഷം പേരാണ് ഫേസ്ബുക്ക് പേജിലൂടെ റസ്മിയ പാടിയ വീഡിയോ കണ്ടത്.
എഴുകുളം എയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ റസ്മിയ ബാലുശ്ശേരി ഉപജില്ല കലോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ശാസ്ത്രീയ സംഗീതം, അറബി പദ്യം എന്നിവയിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിൽ അറബി പദ്യത്തിൽ എ ഗ്രേഡും സംസ്ഥാന മദ്രസ കലോത്സവത്തിൽ രണ്ടു വർഷം എ ഗ്രേഡും നേടി. സംഗീത തൽപ്പരനായ ഉപ്പ മുഹമ്മദ് റിയാസും റസ്മിയയുടെ കൂടെ ഗാനം ആലപിക്കാറുണ്ട്. ഉപ്പയും മകളും ഒന്നിച്ച് പാടുന്നത് കേൾക്കാൻ ഏറെ സംഗീതാസ്വാദകരും എത്തും.
കാരക്കുന്നത്തെ സംഗീത അധ്യാപികയായ ഋഷീന്ദ്ര മണിയാണ് സംഗീതം അഭ്യസിപ്പിക്കുന്നത്. റസ്മിയയുടെ എഴുകുളം റോഡിലെ മണ്ണാറക്കൽ വീട് അവധി ദിവസങ്ങളിൽ ഉപ്പയുടെയും മകളുടെയും സംഗീത സദസായിരിക്കും. ഉപ്പ മുഹമ്മദ് റിയാസ് താമരശ്ശേരി ഡി.വൈ.എസ്.പി ഓഫീസിലെ പോലിസ് ഉദ്യോഗസ്ഥനാണ്. ഉമ്മ ദീനാ ബാനു പനങ്ങാട് വെസ്റ്റ് എ.എൽ.പി.സ്കൂൾ അധ്യാപികയാണ്. നന്മണ്ട തളി മഹാക്ഷേത്ര കമ്മിറ്റിയോട് ഏറെ കടപ്പാടുണ്ടെന്ന് റസ്മിയുടെ മാതാപിതാക്കൾ പറഞ്ഞു.