ന്യൂഡൽഹി: കേരള പബ്ലിക് സര്‍വീസ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പിഎസ്‌സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. പൊതുസേവകരുടെ നിയമനം പോലെ ഉത്തരവാദിത്തമേറിയ ചുമതല നിര്‍വഹിക്കുന്ന പിഎസ്‌സി ഉയര്‍ന്ന സത്യസന്ധതയും സുതാര്യതയും കാണിക്കണം. വാട്ടര്‍ അതോറിറ്റിയിലെ എല്‍ഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതി വിമര്‍ശനത്തിന് കാരണം.
ഇത്തരം കാര്യങ്ങളില്‍ സ്ഥിരത വേണം. 12000 പേരുടെ ഭാവിയെ വച്ച് കളിക്കരുതെന്നും കോടതി വ്യക്തമാക്കി. നേരത്തെ നല്‍കിയ സത്യവാങ്മൂലങ്ങള്‍ക്ക് വിരുദ്ധമായി കോടതി മുമ്ബാകെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറയുകയോ നിബന്ധനകളില്‍ അവ്യക്ത പുലര്‍ത്തുകയോ ചെയ്യരുതെന്നും ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ എത്തിയത്. അപ്പീല്‍ സുപ്രീംകോടതി തള്ളി.