കോഴിക്കോട്: പന്തീരാങ്കാവില്‍ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ മരിച്ച നിലിയില്‍ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവണ്ണൂര്‍ സ്വദേശി കെ.പി അസ്മബീയെയാണ് ജി.എൽ.പി സ്കൂളിനു സമീപത്തെ സി.പി ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്മാബിയെ മരുമകന്‍ മുഖത്തു തലയണ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം അസ്മാബിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണവും മകളുടെ സ്കൂട്ടറും കവര്‍ന്നു. ഈ സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗ്ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദിനെ പൊലീസ് പിടികൂടുന്നത്. പാലക്കാട് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിവാഹ മോചിതയായ അസ്മാബി മകള്‍ക്കും സെക്യൂരിറ്റി ജീവനക്കാരനായ മരുമകനുമൊപ്പം കഴിഞ്ഞ നാലു വര്‍ഷമായി പയ്യടിമീത്തലിലെ ഖാലിദിൻ്റെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.
ഇന്നലെ മകൾ ഷിനോബി ഹൈലൈറ്റ് മാളിൽ ജോലിക്ക് പോയതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകൾ തുടർച്ചയായി വിളിച്ചിട്ടും അസ്മാബി ഫോൺ എടുക്കാത്തതിനെ തുടർന്ന് അസ്മാബിയുടെ സഹോദരൻ കരീമിനെ വിവരമറിയിച്ചു. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. കട്ടിലിൽ മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയിണ താഴെ വീണുകിടപ്പുണ്ടായിരുന്നു.