പാവങ്ങാട്: പൂളാടിക്കുന്ന് ബൈപ്പാസിൽ സ്‌കൂട്ടറിന് പുറകിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കാപ്പാട് കണ്ണങ്കടവ് പാലം സ്വദേശി കിഴുവന രതീഷ് (മോണി- 41) ആണ് മരിച്ചത്. മദ്യലഹരിയിൽ അമിത വേഗതയിൽ മൂന്ന് യുവാക്കൾ സഞ്ചരിച്ച ഹിമാലയ ബുള്ളറ്റ് ബൈക്കാണ് അപകടത്തിന് ഇടയാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെ പുറക്കാട്ടിരി പുതിയ പാലത്തിന് സമീപമായിരുന്നു അപകടം.
പ്രസവാനന്തരം ചികിത്സയിലായിരുന്ന ഭാര്യ സഹോദരിയെ സന്ദർശിക്കുന്നതിനായി ഭാര്യ സിൻസിയോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രതീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിൻസിക്ക് തലക്കും കാലിനും പരിക്കേറ്റു. മാവൂർ റോഡിലെ ജി-ടെക് ജീവനക്കാരിയാണ് സിൻസി. എ 2 സെഡ് വാടക സ്റ്റോർ പന്തൽ തൊഴിലാളിയാണ് രതീഷ്.