തിരുവനന്തപുരം: വാഹനം മറ്റൊരാൾക്കു കൈമാറുമ്പോൾ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. നമ്മുടെ വാഹനം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ, ചിലപ്പോൾ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും ആകാം. ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോർമാറ്റിലോ ഒപ്പിട്ടു വാങ്ങിയതിന്‍റെ പേരിൽ എല്ലാം ശരിയായെന്ന് കരുതരുതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓർമിപ്പിക്കുന്നു. പലരും ഉടമസ്ഥവകാശം മാറുന്നതിന് വേണ്ടത്ര പ്രാധാന്യം കൽപിച്ചിരുന്നില്ല. ഇത്തരത്തിൽ വാഹനം നല്കിയിട്ടുള്ള ധാരാളം സുഹൃത്തുക്കൾ പല പ്രശ്നങ്ങളുമായി നിസഹായരായി ഓഫിസുകളിൽ വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം പേരിലെ വാഹനം മറ്റൊരാൾക്ക് വിൽപ്പന നടത്തി 14 ദിവസത്തിനുള്ളിൽ വാഹനത്തിന്‍റെ ആർസി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് ആവശ്യമായ അപേക്ഷ തയാറാക്കി ആർടി ഓഫിസിൽ സമർപ്പിക്കണം. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി വന്ന് കൈമാറ്റ നടപടികൾ പൂർത്തിയായാൽ വാഹനത്തിന്‍റെ ഉത്തരവാദിത്വം അന്നു മുതൽ വാഹനം വാങ്ങുന്ന വ്യക്തിക്കാണ്. വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശികയുണ്ടോ എന്നും വാഹനം വാങ്ങുന്ന വ്യക്തി ഉറപ്പുവരുത്തേണ്ടതാണ്. വാഹന സംബന്ധമായ ഏത് കേസിലും ഒന്നാം പ്രതി ആർസി ഓണർ ആയതിനാൽ ഇനി മുതൽ വാഹനം കൈമാറുമ്പോൾ എന്ത് മോഹന വാഗ്ദാനം നൽകിയാലും ആരും വീണു പോകരുതെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.