തിരുവനന്തപുരം: കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ഉച്ചയ്ക്ക് ഊണിന് ഒപ്പം വിതരണം ചെയ്ത അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.
നേരത്തെയും ചോറില്‍ നിന്നും പുഴുവിനെയും പാറ്റയെയും കണ്ടെത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചു.
വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ സര്‍വകലാശാല മെസ്സ് താല്‍ക്കാലികമായി അടച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും പകരം ഭക്ഷണ സംവിധാനമൊരുക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. അതേസമയം വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.