കണ്ണൂർ: മട്ടന്നൂർ സഹിന സിനിമാ തിയേറ്ററില്‍ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. അപകടത്തില്‍ നാലു പേർക്ക് പരുക്കേറ്റു. സിനിമാ പ്രദർശനം നടക്കുന്നതിനിടെയാണ് അപകടം. അപ്രതീക്ഷിതമായാണ് തിയേറ്ററിൻ്റെ മേല്‍ക്കൂരയിലേക്ക് ടാങ്ക് തകർന്ന് വീണത്. തുടർന്ന് മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നു താഴേയ്ക്ക് പതിക്കുകയായിരുന്നു. വാട്ടർ ടാങ്കിനൊപ്പം വെള്ളവും കോണ്‍ക്രീറ്റ് സ്ലാബും അപ്പാടെ താഴേക്ക് അടർന്നു വീണു. ഈ ഭാഗത്ത് ഇരുന്ന നാലു പേർക്കാണ് പരുക്കേറ്റത്. ഇവർ സിനിമ കാണാനെത്തിയവരായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചു. നായാട്ടുപാറ സ്വദേശി വിജിൽ (30), സുനിത്ത് നാരായണൻ (36), കൂത്തുപറമ്പ് സ്വദേശികളായ ശരത്ത് (29) സുബിഷ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലക്കി ഭാസ്കര്‍ സിനിമയുടെ ഇന്‍റര്‍വെൽ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴാണ് സംഭവമെന്ന് തിയേറ്ററിലുണ്ടായിരുന്നവര്‍ പറഞ്ഞു. കോൺഗ്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങിയ ഒരാൾ ഉള്‍പ്പെടെയുളളവർക്കാണ് പരിക്കേറ്റതെന്നും സിനിമ കാണാനെത്തിയവര്‍ പറഞ്ഞു.