തിരുവനന്തപുരം: ഭൂമിയുടെ വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്തവർക്ക് (അണ്ടർ വാല്യുവേഷൻ) മുദ്ര വിലയുടെ പകുതിത്തുകയടച്ച് കേസിൽ നിന്നൊഴിവാകാം. മുദ്രവിലയിൽ 50 ശതമാനം ഇളവിനുപുറമേ, രജിസ്‌ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കി നൽകും. 2017 ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31 വരെയുള്ള, വിലകുറച്ചു കാണിച്ച ആധാരങ്ങൾക്കാണിത് ബാധകം.
ഇത്തരത്തിലുള്ള 34,422 ആധാരങ്ങൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവ തീർപ്പാക്കിയാൽ 88 കോടി രൂപ സർക്കാരിന് ലഭിക്കും. 2025 മാർച്ച് 31 വരെയാണ് ഇളവു നൽകുന്ന കാലാവധി. റവന്യു റിക്കവറിക്കുവിട്ട കേസുകൾക്കും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്. സബ് രജിസ്ട്രാർമാർ റിപ്പോർട്ടു ചെയ്തതും ജില്ലാ രജിസ്ട്രാർമാർ സ്വമേധയാ നടപടിയെടുത്തവയും ഇതിലുൾപ്പെടും.
2017- 2023 കാലയളവിലെ ഇത്തരം കേസുകളിൽ ആധാര ഉടമകൾക്ക് ജില്ലാ രജിസ്ട്രാർ നോട്ടീസ് നൽകും. സബ് രജിസ്ട്രാറുടെ ഓഫീസിലെത്തി മുദ്രവില ഇ-പേമെന്റായോ പണമായോ നൽകാവുന്നതാണ്. പണമൊടുക്കാൻ ജില്ലാ രജിസ്ട്രാറുടെ ഓഫീസിൽ പോകേണ്ടതില്ല. നോട്ടീസ് ലഭിക്കാത്തവരും കോമ്പൗണ്ടിങ് സ്കീമിന്റെ ആനുകൂല്യത്തിന് അർഹരാണ്.
സെറ്റിൽമെന്റ് കമ്മീഷൻ മുഖേനയാണ് 1986 മുതൽ 2017 മാർച്ച് 31 വരെ റിപ്പോർട്ടു ചെയ്ത അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കി നൽകുന്നത്. ഇതിന് മുദ്രവിലയ്ക്കൊപ്പം രജിസ്‌ട്രേഷൻ ഫീസും നൽകണം. മെറിറ്റിന്റെ അടിസ്ഥാനത്തിൽ മുദ്രവിലയിൽ 60 ശതമാനവും ഫീസിൽ 75 ശതമാനവും പരമാവധി ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.
നോട്ടീസ് കൈപ്പറ്റാതെ തിരികെ വരുകയോ പണം ഒടുക്കാതിരിക്കുകയോ ചെയ്താൽ ജപ്തിയുണ്ടാകും. ഒടുക്കാനുള്ള തുക സബ് രജിസ്ട്രാർ ഓഫീസിൽ പണമായോ ഇ-പേമെന്റായോ ജില്ലാ രജിസ്ട്രാർ ഓഫീസിൽ ഡി.ഡി.യായോ ബാങ്കേഴ്‌സ് ചെക്കായോ നൽകാം. അസൽ ആധാരം ഹാജരാക്കിയില്ലെങ്കിൽ നിശ്ചിത മാതൃകയിൽ സർട്ടിഫിക്കറ്റ് നൽകും. റവന്യു റിക്കവറിക്ക് റിപ്പോർട്ടു ചെയ്തവയ്ക്കും, കേസ് പിൻവലിച്ചതിന്റെ തെളിവ് ഹാജരാക്കിയാൽ കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും അടുത്ത മാർച്ച് 31വരെ ഇളവുകിട്ടും.