ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡില്‍ ബസ് ജീവനക്കാർ തമ്മില്‍ സംഘർഷം നിത്യസംഭവമാകുന്നു. ബസ് സ്റ്റാൻഡില്‍ ബസുകള്‍ ഒന്നോ രണ്ടോ മിനിറ്റ് നേരത്തെയെത്തുന്നതുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഡ്രൈവർമാർ അടക്കമുള്ള ബസ് ജീവനക്കാർ തമ്മില്‍ കൈയാങ്കളിയുണ്ടാകുന്നത്.
ഉച്ചത്തില്‍ അസഭ്യം പറഞ്ഞും പോർവിളി നടത്തിയുമാണ് ജീവനക്കാർ ബസ് സ്റ്റാൻഡ് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ബസിനുള്ളില്‍ കയറി കൈയാങ്കളിയും അരങ്ങേറുന്നുണ്ട്. ഇതുമൂലം ബസിലെ യാത്രക്കാരും പുറത്ത് ബസ് കാത്തുനില്‍ക്കുന്നവരുമാണ് ബുദ്ധിമുട്ടിലാവുന്നത്. ഇന്നലെ വൈകീട്ട് മൂന്നു തവണയാണ് ജീവനക്കാർ തമ്മില്‍ കൊമ്പുകോർത്തത്.
വൈകീട്ട് ആറുമണി കഴിയുന്നതോടെയാണ് ബസ് സ്റ്റാൻഡില്‍ ജീവനക്കാരുടെ വിളയാട്ടം. മദ്യപിച്ചെത്തുന്ന സംഘത്തോടൊപ്പം ബസ് സ്റ്റാന്‍ഡിലെ ചില തൊഴിലാളികളും കൂട്ടുകൂടുന്നതായി ആക്ഷേപമുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ ബാലുശ്ശേരി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ ഭയക്കുന്നതായി നാട്ടുകാർ പറയുന്നു. രാത്രിയായാല്‍ പൊലീസും ബസ് സ്റ്റാൻഡിനുള്ളില്‍ എത്താറില്ല.