മലപ്പുറം: മലപ്പുറം എംഎസ്പി സ്കൂളിന് എതിർവശത്തെ കേരള വാട്ടർ അതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റിൽ ക്ലോറിൻ ചോർന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. എംഎസ്പി സ്കൂൾ വിടുന്ന സമയമായതിനാൽ സമീപ പ്രദേശത്ത് വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ജീവനക്കാർ ഉടനെ തന്നെ മലപ്പുറം അഗ്നിരക്ഷാസേനയിൽ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന സംഭവ സ്ഥലത്തു കുതിച്ചെത്തി വാൽവ് അടച്ചു അപകടാവസ്ഥ ഇല്ലാതാക്കി.
ഉപയോഗശേഷം ഒരു ടൺ വരുന്ന കംബ്രസഡ് ക്ലോറിൻ ഉൾക്കൊക്കൊള്ളുന്ന ടാങ്കിന്റെ വാൽവ് അടക്കുന്നതിനിടെ ചോർച്ച ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ ചോർച്ച അടക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനാൽ സുരക്ഷിത സ്ഥാനത്തേക്കു മാറി മലപ്പുറം അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എൻ ജംഷാദ്, കെ സി മുഹമ്മദ് ഫാരിസ് എന്നിവർ ബ്രീത്തിങ് അപ്പാരറ്റസ് (ശ്വസനോപകാരണം) ധരിച്ചു ടാങ്ക് റൂമിൽ കയറി വാൽവ് അടച്ച് ചോർച്ച പൂർണ്ണമായും ഇല്ലാതാക്കി. വാൽവ് അടച്ച ശേഷം അമോണിയ ഉപയോഗിച്ച് ചോർച്ച ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അഗ്നിരക്ഷാസേന മടങ്ങിയത്.
Tags:
KERALA NEWS