Trending

കുട്ടികളെ ഉപയോഗിച്ചുള്ള മോഷണം; ചോദ്യം ചെയ്യലിൽ വെളിവായത് സിനിമാ കഥയെ വെല്ലുന്ന മോഷണ പരമ്പര.

കോഴിക്കോട്: മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനു പിന്നാലെ പുറത്ത് വന്നത് സിനിമാ കഥയെ വെല്ലുന്ന മോഷണ പരമ്പര. നവംബർ ആറിന് ഫറോക്ക് പൊലീസ് അറസ്റ്റു ചെയ്ത ചാത്തമംഗലം സ്വദേശി അരക്കംപറ്റ വാലിയിൽ വീട്ടിൽ രവിരാജിനെ (24) കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിരവധി വാഹന മോഷണങ്ങളുടെ ചുരുളഴിയുന്നത്. പിന്നാലെ യുവാവ് കവർന്ന ബൈക്കും സ്കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടികളെ ഉപയോഗിച്ചാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. ഇയാൾക്കൊപ്പം പ്രായപൂർത്തിയാവാത്ത രണ്ടുപേരും പിടിയിലായിരുന്നു. ഫറോക്ക്, കുന്ദമംഗലം, കോഴിക്കോട് ടൗൺ, വടകര എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ഇയാൾ വാഹനങ്ങൾ മോഷ്ടിച്ചത്. ബൈക്കുകൾ വടകര, കോഴിക്കോട് ടൗൺ, കുന്ദമംഗലം പൊലീസിന് അന്വേഷണ സംഘം കൈമാറി. ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തും എസ്.ഐ വിനയനും ചേർന്നാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്.

ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് മോഷണം പോയ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് രവിരാജ് പിടിയിലായത്. മാഹി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ഇയാൾ കവർന്ന ബൈക്കുകൾ കടത്തിയിരുന്നത്. ഫറോക്ക് അസി. കമീഷണർ ഓഫിസിലെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ പി. അരുൺകുമാർ, എസ്.സി.പി.ഒ മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, ഐ.ടി. വിനോദ്, സനീഷ് പന്തീരാങ്കാവ്, അഖിൽബാബു, സുബീഷ് വേങ്ങേരി, അഖിൽ ആനന്ദ് എന്നിവരാണ് പ്രതിയെ പിടികൂടി ബൈക്കുകൾ കണ്ടെടുത്ത സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post