കൊടുവള്ളി: വിൽപ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊടുവള്ളി വാവാട് തെക്കേടത്ത് മുഹമ്മദ് ഫൗസ് (36) ആണ് പിടിയിലായത്. വാവാട് ദേശീയപാതയിൽ വച്ച് കോഴിക്കോട് റൂറൽ എസ്പി പി.നിധിൻ രാജിന്റെ കീഴിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തു.
താമരശ്ശേരി ഭാഗത്ത് ലഹരി വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. രണ്ടു വർഷമായി നരിക്കുനിയിൽ തുണിക്കട നടത്തുന്നതിന്റെ മറവിലാണ് ലഹരി വിൽപ്പന. കോഴിക്കോട് ജില്ലയിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ എംഡിഎംഎ എത്തിക്കുന്നത്. പ്രതി ലഹരിമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു.
നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈഎസ്പി എ.പി.ചന്ദ്രൻ എന്നിവരുടെ നിർദ്ദേശപ്രകാരം കൊടുവള്ളി ഇൻസ്പെക്ടർ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് സംഘമാണ് പ്രതിയെ പിടികൂടിയത്.