കോഴിക്കോട്: കല്ലാച്ചി ചിയ്യൂരിൽ രണ്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കുന്നുമ്മൽ നരിപ്പറ്റ സ്വദേശി ഷംന (28) യെയാണ് ഭർത്താവ് ഫൈസൽ കുത്തി പരിക്കേൽപ്പിച്ചത്. ഭർത്താവിനെതിരേ നാദാപുരം പോലീസ് വധശ്രമത്തിന് കേസ് എടുത്തു.
തിങ്കളാഴ്ച വൈകുന്നേരം ഫൈസലിൻ്റെ വീട്ടിൽ വെച്ചായിരുന്നു അക്രമം. ഇടത് കൈയ്യുടെ ചുമലിനും വയറിനും കുത്തേറ്റ ഷംന കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തേറ്റ് വീടിന് പുറത്തേക്ക് ഓടിയ ഷംനയെ അത് വഴി കടന്ന് പോയ ടാക്സി ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. ഷംനയുടെ പേരിലുള്ള സ്വത്ത് തൻ്റെ പേരിലേക്ക് മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ടാണ് മർദ്ദനം എന്ന് ഷംനയുടെ സഹോദരൻ ഷംനാദ് പറഞ്ഞു. നേരത്തെയും ഫൈസൽ ഷംനയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഷംനാദ് പറഞ്ഞു.
പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി രാത്രിയോടെ കേസെടുക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ ഫൈസലിന് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഏഴ് മാസം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്.