കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് സ്വർണം പവന് വില കുറഞ്ഞത്. ഗ്രാമിന് 55 രൂപയും ഇന്ന് കുറഞ്ഞു. വെള്ളിയാഴ്ച വലിയൊരു കുതിപ്പ് കാണിച്ചെങ്കിലും മൂന്ന് ദിവസം കൊണ്ട് സ്വർണ വില കാര്യമായി കുറഞ്ഞു. ആഭരണപ്രേമികൾക്ക് സന്തോഷിക്കാനും ആശ്വസിക്കാനും സാധിക്കും.
ഇന്ന് സ്വർണം ഗ്രാമിന് 7220 രൂപയും. പവന് വില 57,760 രൂപയായി. ഇന്ന് 10 ഗ്രാം സ്വർണം വാങ്ങാൻ 72200 രൂപയാവും. ശനിയാഴ്ച സ്വർണം ഗ്രാമിന് 7275 രൂപയും പവന് 58200 രൂപയുമായിരുന്നു. ഇന്നത്തെ വില കുറഞ്ഞത് വലിയ മാറ്റമാണ്. നവംബർ മാസത്തിൽ ഇന്ന് വരെയുള്ള കണക്ക് എടുത്താൽ രണ്ട് ദിവസം മാത്രമാണ് വലിക്കയറ്റം രേഖപ്പെടുത്തിയത്.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതിനു ശേഷം ഡോളറിന്റെ മൂല്യം കുതിക്കുന്നുണ്ട്. അതാണ് സ്വർണവില കുറയാൻ കാരണമാവുന്നത്. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലായതിനാൽ ഡോളർ മൂല്യം കൂടുതൽ വർദ്ധിക്കുന്നതോടെ സ്വർണം വാങ്ങാൻ അധിക തുക വേണ്ടി വരുന്നു. ഇത് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുകയും അത് സ്വർണവില കുറയുന്നതിനും ഇടയാക്കി.
ഒക്ടോബർ അവസാനവാരം ഔൺസിന് 2,790 ഡോളർ എന്ന റെക്കോർഡിലേക്ക് രാജ്യാന്തര വില ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ 2,669 ഡോളറിലെത്തി നിൽക്കുന്നു. ഈ വീഴ്ചയാണ് കേരളത്തിലും ബാധിച്ചത്. ഡോളർ അതിന്റെ ശക്തി ഉയർത്തുകയും രൂപ കൂടുതൽ ദുർബലമാവുകയും ചെയ്താൽ സ്വർണം ഇറക്കുമതി ചെയ്യാനുള്ള ചെലവ് കൂടും. ഇത് വിലയേയും ബാധിക്കുന്നു.