കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പാറമ്മലിന് സമീപം ചാലിയാർ പുഴയുടെ ചുങ്കപള്ളി കടവില്‍ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് വൈകീട്ട് പുഴയില്‍ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയ ആളാണ് ആദ്യം കണ്ടത്. പന്തീരാങ്കാവ് പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പ്രാദേശിക നീന്തല്‍ വിദഗ്ധരുടെ സഹായത്തോടെ തലയോട്ടിയും അസ്ഥികളും കരക്കെത്തിക്കുകയായിരുന്നു.
ചൂരല്‍ മലയിലെ ഉരുള്‍പൊട്ടലില്‍ ഒഴുകി എത്തിയതായിരിക്കും തലയോട്ടിയും അസ്ഥിയും എന്നാണ് പ്രാഥമിക നിഗമനം. തുടർ നടപടികള്‍ പൂർത്തിയാക്കിയ ശേഷം തലയോട്ടിയും അസ്ഥികളും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുമ്പും ചാലിയാറിന്റെ പലഭാഗങ്ങളില്‍ നിന്നും മൃതദേഹങ്ങളും മൃതദേഹ അവശിഷ്ടങ്ങളും അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു. ഇതെല്ലാം വയനാട് ചൂരല്‍മല ദുരന്തത്തില്‍ ഒഴുകിയെത്തിയതാണെന്ന് അന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.