കോഴിക്കോട്: മാരക രാസ ലഹരിമരുന്നായ 102.88 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. നരിക്കുനി പന്നിക്കോട്ടൂർ സ്വദേശി മൈലാങ്കര സഫ്താർ ആഷ്മി (31), കൂട്ടാളി ബാലുശ്ശേരി ഇയ്യാട് സ്വദേശി അത്തിക്കോട് റഫീഖ് (35) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജില്ലയുടെ പല ഭാഗങ്ങളിലും ലഹരി മരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതിനാൽ കഴിഞ്ഞ ഒരു മാസമായി പൊലീസ് രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ഈ ആഴ്ചയിൽ തന്നെ ഡാൻസാഫിന്റെ മൂന്നാമത്തെ ലഹരിമരുന്ന് വേട്ടയാണിത്. കോഴിക്കോട്– പുല്ലൂരാംപാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് സഫ്താർ ആഷ്മി. ഇയാൾ 55 കിലോ കഞ്ചാവുമായി നിലമ്പൂരിൽ നിന്നും 2.5 കിലോ കഞ്ചാവുമായി കൊടുവള്ളിയിലെ വീട്ടിൽ വെച്ചും മുമ്പ് പിടിയിലായിരുന്നു. ഈ കേസിൽ വിചാരണ നടന്നുവരികയാണ്.
റഫീക്ക് ലോറി ഡ്രൈവറാണ്. ആഡംബര കാറുകളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി മരുന്ന് എത്തിച്ചിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രധാന ഹോട്ടലുകൾ, ബാറുകൾ, ആശുപത്രികൾ എന്നിവയുടെ പാർക്കിങ് ഗ്രൗണ്ടുകളാണ് ലഹരിമരുന്ന് കൈമാറ്റത്തിന് ഇവർ തിരഞ്ഞെടുത്തിരുന്നത്. കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും കോഴിക്കോട് ടൗൺ എസിപി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.