എറണാകുളം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയില്‍. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു ഇയാള്‍.
കുണ്ടന്നൂർ നഗരത്തില്‍ നാലു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഈ പ്രദേശങ്ങളിലെ ചതുപ്പില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. അതേസമയം, സന്തോഷിന്റെ ഭാര്യ ജ്യോതിയെയും അമ്മ പൊന്നമ്മയെയും മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവർ സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കൈവിലങ്ങോടെയാണ് സന്തോഷ് ചാടിപ്പോയത്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടുപേരെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ ആക്രമിച്ചാണ് കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി രക്ഷപ്പെട്ടതെന്ന് ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബു പറഞ്ഞു.