ന്യൂഡൽഹി: 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (AB-PMJAY) കീഴിൽ മധ്യപ്രദേശിൽ 1.66 ലക്ഷം, കേരളത്തിൽ 1.28 ലക്ഷം, യുപി 69044, ഗുജറാത്തിൽ 25491 എന്നിങ്ങനെയാണ് അപേക്ഷിച്ചിട്ടുള്ളത്. നാഷണൽ ഹെൽത്ത് അതോറിറ്റി (NHA) പുറത്തുവിട്ട ഡാറ്റയിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 4.69 ലക്ഷം അപേക്ഷകൾ അംഗീകരിച്ചു.
70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസായ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും. അവർക്ക് 'ആയുഷ്മാൻ വയാ വന്ദന കാർഡ്' നൽകും. അർഹരായവർക്ക് ഈ സ്കീമിന് www.beneficiary.nha.gov.in എന്ന ലിങ്ക് വഴിയോ ആയുഷ്മാൻ ആപ്പ് ഉപയോഗിച്ചോ അപേക്ഷിക്കാവുന്നതാണ്.
ആധാർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ നിർബന്ധമാണ്. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ ആവശ്യമായ ഒരേയൊരു രേഖയാണ് ആധാറെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
രജിസ്റ്റർ ചെയ്യാനുള്ള വഴികൾ
ഘട്ടം 1: ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്യുക
ഘട്ടം 2: Login as beneficiary എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ക്യാപ്‌ച, മൊബൈൽ നമ്പർ എന്നിവ നൽകി ലോഗിൻ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഗുണഭോക്താവിൻ്റെ വിശദാംശങ്ങളും ആധാർ വിശദാംശങ്ങളും നൽകുക
ഘട്ടം 5: ഒടിപി നൽകുക.
ഘട്ടം 6: എല്ലാ അപേക്ഷകളും പൂരിപ്പിക്കുക
ഘട്ടം 7: ഗുണഭോക്താവിൻ്റെ മൊബൈൽ നമ്പറും ഒടിപിയും നൽകുക
ഘട്ടം 8: കാറ്റഗറി, പിൻ കോഡ് തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക
ഘട്ടം 9: കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ ചേർത്ത് സബ്മിറ്റ് ചെയ്യുക
ഘട്ടം 10: ആയുഷ്മാൻ കാർഡ് ഡൗൺലോഡ് ചെയ്യാം
Tags:
HEALTH