പാലക്കാട്: പാലക്കാട് പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശക്കടലായി മാറി. കൊട്ടിക്കലാശത്തിന്റെ ആവേശ നിമിഷങ്ങളില്‍ പാലക്കാട് വീഥികള്‍ ജനക്കൂട്ടങ്ങളാല്‍ നിറഞ്ഞു. 20-നാണ് പാലക്കാട് നിയോജക മണ്ഡലം പോളിംഗ് ബൂത്തില്‍ ജനവിധി തേടുക. 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. നേരത്തെ 13ന് തീരുമാനിച്ചിരുന്ന ഉപ തിരഞ്ഞെടുപ്പ് കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് മാറ്റിവയ്ക്കുകയായിരുന്നു.
വൈകിട്ട് നാലു മണിയോടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എന്‍ഡിഎയുടെയും റോഡ് ഷോകള്‍ ആരംഭിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ എന്നിവരുടെ കടുത്ത ത്രികോണ മത്സരത്തിനാണ് ഇത്തവണ പാലക്കാട് വിധിയെഴുതുന്നത്.
ഒരു മാസത്തിലേറെ നീണ്ടുനിന്ന പരസ്യ പ്രചരണങ്ങൾക്കാണ് കൊട്ടിക്കലാശത്തോടെ അവസാനമാകുന്നത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലായിരുന്നു കൊട്ടിക്കലാശം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനമായിരുന്നു പ്രചരണത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്.
സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പില്‍ ആവേശം സൃഷ്ടിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവകാശ വാദം. എന്നാല്‍ സന്ദീപ് വാര്യര്‍ വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ പറയുന്നത്.