നരിക്കുനി: ഒരു കിലോഗ്രാം കഞ്ചാവുമായി നരിക്കുനിയിൽ അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ സ്വദേശി മനാറുൽ ഹുസൈനെയാണ് കൊടുവള്ളി ഇൻസ്പെക്ടർ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് വട്ടപ്പാറ പൊയിലിലെ ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഒരു കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടിയത്. പോലീസ് പരിശോധനക്കെത്തുമ്പോൾ ഇയാൾ മറ്റൊരാൾക്ക് കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിലായിരുന്നു.
വിൽപ്പന ലക്ഷ്യമിട്ട് ചെറിയ പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് കുടുംബസമേതം വട്ടപ്പാറ പൊയിലെത്തിയ ഇയാൾ, ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഉൾപ്പെടെ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു. കൂടുതൽ പേർ ഉൾപ്പെട്ടിട്ടോ എന്നുള്ളത് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.