കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരിലുള്ള രണ്ട് സൈബര്‍ തട്ടിപ്പ് കേസുകളില്‍ കൊടുവള്ളി, ചാത്തമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കരുവൻപൊയിൽ കൊടുവള്ളി പടിഞ്ഞാറെ തൊടിയിൽ വീട്ടിൽ മുഹമ്മദ് മിസ്ഫിർ (20), ചാത്തമംഗലം മുണ്ടോട്ട് പൊയിൽ വീട്ടിൽ ജാബിർ (19) എന്നിവരാണ് പിടിയിലായത്.
വെൺമണിയിലെ യുവാവിന് 1.3 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ വെൺമണി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തൻ്റെ മാതാവിൻ്റെ അക്കൗണ്ടിലൂടെ ലക്ഷങ്ങൾ പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറിയതിനാണ് ജാബിർ അറസ്റ്റിലായത്. മാന്നാറിലെ വയോധികന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ആലപ്പുഴ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് മിസ്ഫിറും പിടിയിലായി.
ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ സുനിൽ രാജിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഗസ്റ്റിൻ വർഗീസ്, എ.സുധീർ, എ.എസ്.ഐ. ഹരികുമാർ, സി.പി.ഒ ബൈജു മോൻ, സി.പി.ഒ. നസീബ് എൻ എന്നിവരടങ്ങുന്ന സംഘമാണ് കൊടുവള്ളിയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.